This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള വനം വികസന കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള വനം വികസന കോര്‍പ്പറേഷന്‍

കേരളത്തിലെ വനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വനവത്കരണ പ്രക്രിയകളിലൂടെ കൂടുതല്‍ വനഭൂമി സൃഷ്ടിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. ഗാര്‍ഹിക-വ്യാവസായിക ഉപയോഗത്തിന് ആവശ്യമായ തോതില്‍ വനവിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ പ്രദേശത്ത് വനവത്കരണം നടത്തുക, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വനഭൂമിയുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് കോര്‍പ്പറേഷന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍. 1975-ല്‍ നിലവില്‍ വന്ന കോര്‍പ്പറേഷന്റെ ആസ്ഥാനം കോട്ടയമാണ്. റബ്ബര്‍, കുരുമുളക്, കശുവണ്ടി, കൊക്കോ, ഏലം തുടങ്ങിയവയുടെ തോട്ടങ്ങള്‍ സൃഷ്ടിക്കുക, വനോത്പന്നങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്തുക, പരിസ്ഥിതി സൌഹൃദ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സൗകര്യമൊരുക്കുക തുടങ്ങിയവയും വനം വികസന കോര്‍പ്പറേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. അക്കേഷ്യ, യൂക്കാലിപ്റ്റസ്, മുളകള്‍, തേക്ക്, കാപ്പി, തേയില, വാനില തുടങ്ങിയവയുടെ തോട്ടങ്ങള്‍ തിരുവനന്തപുരം, പുനലൂര്‍, തൃശൂര്‍, മൂന്നാര്‍, ഗവി, നെന്മാറ എന്നീ വനം ഡിവിഷനുകളിലുണ്ട്. വയനാട് ജില്ലയിലെ കോര്‍പ്പറേഷന്റെ തേയിലത്തോട്ടങ്ങള്‍ നല്ല ഉത്പാദനക്ഷമതയുള്ളവയാണ്. മൂന്നാര്‍, ഗവി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായി കോര്‍പ്പറേഷന്‍ ആകര്‍ഷകമായ ഇക്കോടൂറിസം പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പദവിയിലുള്ള മാനേജിങ് ഡയറക്ടറാണ് കോര്‍പ്പറേഷന്റെ ഉന്നതാധികാരി. വിവിധ വനം ഡിവിഷനുകളുടെ ഭരണനിര്‍വഹണം ഡിവിഷണല്‍ മാനേജര്‍മാരില്‍ നിക്ഷിപ്തമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍